ദുഃഖവെള്ളി പ്രസംഗം
Good Friday Message in Malayalam
മിശിഹായിൽ സ്നേഹം നിറഞ്ഞ മാതാപിതാക്കളെ സഹോദരി സഹോദരന്മാരെ,
ലോകത്തിൻറെ പാപങ്ങൾക്ക് അന്ന് ചമ്മട്ടികളുടെ രൂപമായിരുന്നു ഗാഗുൽത്തായുടെ കാഠിന്യമായിരുന്നു . ആക്രോശങ്ങളുടെ സ്വരംയായിരുന്നു. കുരിശിന്റെ ഭാരമായിരുന്നു . തുളച്ചു കീറുന്ന ആണികളുടെ മൂർച്ചയായിരുന്നു തറച്ചുകയറുന്ന മുൾമുടിയുടെ രോദനം ആയിരുന്നു. എങ്കിലും എല്ലാം പരാതി കൂടാതെഏറ്റുവാങ്ങുവാൻ അവൻ ഉണ്ടായിരുന്നു. കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെയും, രോമം കത്രിക്കുന്നവരുടെ മുൻപിൽ നിൽക്കുന്ന ചെമ്മരിയാടിനെ പോലെയും അവൻ മൗനം പാലിച്ചു. മനുഷ്യകുലത്തെ പാപപരിഹാരത്തിനുള്ള ബലിവസ്തു ആകുവാൻ ക്രിസ്തുനാഥൻ സ്വയം സമർപ്പിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ഒരു ദുഃഖവെള്ളി അനുസ്മരണം കൂടെ നടക്കുന്നു.
സ്നേഹത്തിന്റെയും സഹനത്തിന്റെയും മുഖമാണ് ഓരോ ദുഃഖവെളിക്കും. ദൈവം സ്നേഹമാകുന്നു എന്ന് യോഹന്നാൻ ശ്ലീഹ സാക്ഷ്യപ്പെടുത്തുന്നു. ഈശോയെ അനുഭവിച്ചറിഞ്ഞ യോഹന്നാന്റെ സാക്ഷ്യമാണിത്. കാണാതെപോയ ആടിനെ അന്വേഷിച്ച് പോകുന്ന ഇടയന്റെയും ധൂർത്ത പുത്രന്റെയും ഉപമകളിലൂടെ ദൈവ സ്നേഹത്തിൻറെ ആഴത്തെപ്പറ്റിയും കരുതലിനെ പറ്റിയും നമ്മെ പഠിപ്പിക്കുന്നു. ഉപാധികളില്ലാതെ സ്നേഹിക്കുവാൻ പഠിപ്പിക്കുന്ന ഈശോ സ്നേഹിതനു വേണ്ടി ജീവൻ അർപ്പിക്കപ്പെടുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ അത് കാണിച്ചു തരികയും ചെയ്തു.
മനുഷ്യകുലത്തിന്റെ പാപ പരിഹാരാർത്ഥം തന്നെ തന്നെ ഹോമബലിയായി അർപ്പിക്കുന്നു. ദൈവസ്നേഹത്തിന്റെ പാരമ്യം നമ്മൾ കണ്ടെത്തുന്നത് കുരിശിലെ ഈ ബലിയിലാണ്. സ്നേഹവും സഹനവും തമ്മിൽ പ്രത്യക്ഷത്തിൽ ഉള്ള വൈരുദ്ധ്യം അനുഭവിച്ചവരാണ് നമ്മിൽ പലരും ജീവിതത്തിൻറെ പച്ചയായ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ സ്നേഹവും സഹനവും തമ്മിൽ ഉള്ള വൈരുദ്ധ്യം പ്രകടമാണ്. വേദനകളെ നോക്കി ദൈവസ്നേഹത്തെ സംശയിക്കുവാനുള്ള പ്രേരണ നമുക്കുണ്ട്. ദൈവം സ്നേഹിക്കുന്നില്ല എന്നതിൻറെ തെളിവായി ദുഃഖങ്ങളും ദുരിതങ്ങളും നമ്മൾ ഉയർത്തിക്കാട്ടുന്നു സഹനങ്ങളെ ഉയർത്തി കാട്ടിക്കൊണ്ട് ദൈവസ്നേഹത്തെ സംശയിക്കുവാനുള്ള പ്രേരണ നമുക്കെല്ലാവർക്കും ഉണ്ട്. ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ദൈവസ്നേഹത്തെ അളക്കുന്ന അളവുകോലുകളായി മാറുന്നു ദൈവം സ്നേഹമാകുന്നു എന്ന അടിസ്ഥാന തത്വം കൊണ്ട് ജീവിതാനുഭവങ്ങളെ മനസ്സിലാക്കുകയാണ് വേണ്ടത്.
നമ്മുടെ ദുഃഖവെള്ളി ആചരണം കുരിശിൽ മരിച്ചവന്റെ ഓർമ്മ പുതുക്കി സഹതാപം പ്രകടിപ്പിക്കുവാനുള്ള അവസരം മാത്രം ആക്കുകയാണ്? അതോ ഈ ദുഃഖവെള്ളിയുടെ ആചരണം എൻറെ ജീവിതത്തിൽ ഒരു രൂപാന്തരീകരണത്തിന് അവസരം ഒരുക്കുന്നുണ്ടോ? ദൈവസ്നേഹത്തിന്റെ പ്രകാശത്തിൽ ജീവിത അനുഭവങ്ങളെ വായിച്ചെടുക്കാത്ത ത്തോളം സഹനം നമ്മിൽ പരിഭവം ഉയർത്തും. സ്നേഹവും സഹനവും തമ്മിൽ വൈരുദ്ധ്യമില്ല എന്ന് കുരിശിൽ തെളിയുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് സഹനം ഒഴിച്ചുകൂടാൻ ആകാത്ത വസ്തുതയാണ്. ജീവിതത്തിലെ സഹനങ്ങളെ ഉറപ്പോടെ ഏറ്റെടുക്കുവാൻ നാം തയ്യാറാകണം.
യേശുവിൻറെ പീഡാ സഹനത്തെയും കുരിശു മരണത്തെയും കുറിച്ചുള്ള അനുസ്മരണം എൻറെ ജീവിതത്തിലെ സഹനങ്ങളുമായി പൊരുത്തപ്പെടുവാൻ എന്നെ സഹായിക്കുന്നുണ്ടോ? യേശുവിൻറെ പീഡ സഹനവും കുരിശും മരണവും ഒരു ദൈവിക പദ്ധതിയുടെ ഭാഗമായി കാണുന്ന എനിക്ക് ജീവിതത്തിലെ സഹനങ്ങളെ ദൈവം എനിക്ക് വേണ്ടി ഒരുക്കിയ ഒരു പദ്ധതിയുടെ ഭാഗമായി മനസ്സിലാക്കുവാൻ കഴിയണം. എൻറെ ജീവിതത്തിൽ സംഭവിക്കുന്ന സഹനങ്ങളെ ദൈവേഷ്ടമാണ് എന്ന് അറിഞ്ഞ് സ്വീകരിക്കുവാൻ സാധിക്കണം. പല രീതിയിലുള്ള സഹനങ്ങൾ - ഇഷ്ടപ്പെടുന്നവരുടെ വേർപാട്, അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗങ്ങൾ, തിരസ്കരണങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഇങ്ങനെ പലതും ഇടമുറിയാതെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ… എൻറെ ദൈവമേ നീ എൻറെ സങ്കടങ്ങളിൽ എന്നെ തനിച്ച് ആക്കുകയാണോ? അങ്ങനെ വരുമ്പോൾ ദൈവ സ്നേഹത്തെയും പരിപാലനയും സംശയിക്കുവാനുള്ള പ്രേരണ കൂടി വരും.
ഈ അവസരത്തിൽ എന്റെ മനസ്സിലേക്ക് കടന്നു വരുന്നത് രണ്ടു മൂന്നു വർഷങ്ങൾക്കു മുമ്പ് ക്യാൻസർ രോഗം പിടിപെട്ട് ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ട കൊച്ചിന് ചാർജ് എന്ന ഒരു ജീസസ് പ്രവർത്തകയാണ് ഈശോയെ അറിഞ്ഞ കാലം മുതൽ ചുറുചുടു ഓടിനടന്ന വ്യക്തിയാണ്. ഒത്തിരി സ്വപ്നങ്ങൾ താലോലിച്ചു കൊണ്ട് നടന്ന വ്യക്തി തേവരെ SH College ൽ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി ഒരു കോളേജ് അധ്യാപികയായി താൻ പഠിച്ച കോളേജിൽ തന്നെ ജോലി ആരംഭിച്ച ഈശോയ്ക്ക് വേണ്ടി ഓടി നടന്ന വ്യക്തി. ഒരു സുപ്രഭാതത്തിൽ തനിക്ക് ക്യാൻസർ രോഗമാണ് എന്ന് അറിവ് അവളെ ഒന്ന് തളർത്തി. പക്ഷേ തന്റെ സഹനങ്ങളോടെ പൊരുത്തപ്പെട്ട് ദൈവിക പദ്ധതിയുടെ ഭാഗമാണ് ഇത് എന്ന് തിരിച്ചറിവ് അവളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തി. ഈശോയുടെ ദിവ്യകാരുണ്യത്തിന്റെ ആഴങ്ങളിൽ ശക്തി സംഭരിച്ചു. ദിവ്യകാരുണ്യത്തിന്റെ വാനമ്പാടിയായി. അഞ്ചു വർഷത്തോളം സഹനങ്ങളുമായി പൊരുത്തപ്പെട്ട് സന്തോഷത്തോടെ ദൈവ സന്നിധിയിലേക്ക് കടന്നുപോയി. ജീവിതത്തിലുണ്ടാകുന്ന സഹനങ്ങളെ ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് ഉറപ്പോടെ ഏറ്റെടുക്കാൻ സാധിക്കണമെന്ന് അഞ്ജനയുടെ ജീവിതമാർഗം നമ്മെ പഠിപ്പിക്കുന്നു.
സഹനം വിശ്വാസത്തിൻറെ മാറ്റുരച്ചു നോക്കുവാനും കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും ജീവിതവിശുദ്ധീകരണത്തിന് നവീകരണത്തിനും നമ്മെ ഒരുക്കുന്നു. നമ്മുടെ സഹനങ്ങളിലൂടെ ഈശോയുടെ സഹനങ്ങളിൽ പങ്കു പറ്റുവാനും സഹിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും താദാമ്യപ്പെടാനും സഹനം അവസരം ഒരുക്കുന്നു. ദൈവീക പദ്ധതിയോട് സഹകരിച്ചുകൊണ്ട് സഹനത്തെ നേരിടുമ്പോൾ സഹനങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് ലഭിക്കും ഈശോയുടെ കുരിശിലെ ബലിയിലുള്ള പങ്കുചേരൽ നമ്മുടെ സഹനങ്ങൾക്ക് ഒരു രക്ഷാകര മൂല്യം നൽകും. പാപം മൂലം
തകർന്നടിഞ്ഞ ദൈവ മനുഷ്യൻ ബന്ധത്തെ സ്ഥാപിച്ച് കൊണ്ട് ദൈവവുമായി അനുരഞ്ജനം സ്ഥാപിക്കുന്നത് കുരിശിലെ ബലിയിലാണ്. തങ്ങളുടെ പാപപരിഹാരാർത്ഥം അർപ്പിക്കപ്പെടുന്ന പെസഹാ കുഞ്ഞാടിന്റെ സ്ഥാനത്ത് ബലിയാർപകനും ബലിവസ്തുവുമായി സ്വയം പ്രതിഷ്ഠിച്ചു കുരിശിലെ പരമ യാഗത്തിലൂടെ സമർപ്പിക്കപ്പെട്ട ആ സഹനബലിക്ക് രക്ഷാകരമായ മൂല്യമുണ്ട്. മനുഷ്യ പാപങ്ങൾക്ക് വേണ്ടിയുള്ള എന്നെന്നേക്കുമായുള്ള ഏക ബലിയാണ് അവൻ അർപ്പിച്ചത്. നമ്മുടെ വ്യക്തിപരമായ സഹനങ്ങളെ ഈശോയുടെ കുരിശിലെ ബലിയോട് ചേർത്തുവയ്ക്കുമ്പോൾ നമ്മുടെ സഹനങ്ങൾക്ക് രക്ഷാകരമായ ഒരു മൂല്യം കൈവരും.
1956 FCC സമൂഹത്തിൽ പ്രഥമ വ്രത വാഗ്ദാനം നടത്തി സന്യാസ ജീവിതം ആരംഭിച്ച സിസ്റ്റർ നോബർട്ട് എന്ന യുവ സന്യാസിനി അൾത്താര വൃത്തിയാക്കുന്നതിൽ അബദ്ധത്തിൽ കാൽ വഴുതി താഴെ വീണു പിന്നെ ശയ്യ അവലംബആയി. ഒത്തിരി പ്രതീക്ഷകളുമായി സന്യാസ ജീവിതം ആരംഭിച്ച അവർക്ക് അത് സഹനജീവിതത്തിന്റെ തുടക്കമായിരുന്നു നീണ്ട 50 വർഷം അവൾ തൻറെ സന്യാസജീവിതം നയിച്ചു വീൽചെയറിലും ഒക്കെയായി ഈശോയുടെ ദിവ്യകാരുണ്യത്തിൽ അഭയം തേടിയ സിസ്റ്റർ മരത്താക്കരയിലെ പ്രാർത്ഥിക്കുന്ന അമ്മയായി. തൻറെ സഹനങ്ങളെയും മറ്റുള്ളവരുടെ സഹനങ്ങളെയും കർത്താവിൻറെ കുരിശിലെ സഹനങ്ങളുടെ ചേർത്തുവച്ചപ്പോൾ പലർക്കും അത് സൗഖ്യത്തിന്റെ അനുഭവമായി മാറി. സ്വന്തം വേദനകളും അർത്ഥനകളും മറന്ന് സ്നേഹവും സന്തോഷവും പ്രാർത്ഥനയും പകർന്നു കൊടുക്കാനായി.
ഈശോയുമായുള്ള വ്യക്തിപരമായ ബന്ധം ശക്തമാക്കുവാൻ നമുക്ക് സാധിക്കണം. കാൽവരിയിലെ ഹോമ യാഗത്തിൽ ചിന്തപ്പെട്ട ഈശോയുടെ തിരു ശരീരത്തിൽ വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിയാണ് ഞാൻ എന്ന ബോധ്യം ഈശോയുമായുള്ള എൻറെ വ്യക്തി ബന്ധത്തെ ശക്തിപ്പെടുത്തണം.
ഏശയ്യാ യുടെ പുസ്തകത്തിൽ വായിക്കുന്നത് പോലെ - നമ്മുടെ വേദനകൾ ആണ് അവൻ വഹിച്ചത് നമ്മുടെ ദുഃഖങ്ങൾ ആണ് അവൻ ചുമന്നത്. നമ്മുടെ അതിക്രമങ്ങൾക്ക് വേണ്ടി അവൻ മുറിവേൽപ്പിക്കപ്പെട്ടു.
അവൻറെ ശിക്ഷ നമുക്ക് രക്ഷ നൽകി. അവൻറെ ക്ഷതങ്ങളാൽ
നാം സൗഖ്യം പ്രാപിച്ചു. ഈ ഒരു തിരിച്ചറിവ് ഈശോയുമായി ബന്ധമുള്ള ബന്ധത്തെ ശക്തിപ്പെടുത്തും കാൽവരിയിലെ പരമ യാഗത്തിൽ കൗദാശികമായി
പങ്കെടുക്കുന്ന ഓരോ അവസരത്തിലും എനിക്ക് വേണ്ടി തകർക്കപ്പെട്ട ശരീരവും സിന്ധു എന്നോടുള്ള ഉപാധികളില്ലാത്ത സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും അടയാളങ്ങൾ ആണ് എന്ന് ഞാൻ തിരിച്ചറിയണം. ഈശോയ്ക്ക് എന്നോടുള്ള സ്നേഹത്തിൻറെ ആഴം ദർശിക്കുന്നത് കുരിശിലാണ്.
1982 ഒക്ടോബർ 10 Martyr of Charity എന്ന പേരിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ Fr. Maxmillan Kolbe വിശുദ്ധനായി പ്രഖ്യാപിച്ചു. ആ ചടങ്ങിൽ സംബന്ധിച്ചു കൊണ്ടിരുന്ന Franciszek Gajowniczek എന്ന പോളണ്ട്കാരൻ ഇങ്ങനെ ഉറക്കെ കരഞ്ഞു കൊണ്ട് വിളിച്ചു പറയുന്നുണ്ടായിരുന്നു. എൻറെ ജീവിതം ഈ മനുഷ്യൻറെ ദാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉള്ള ഇദ്ദേഹത്തിൻറെ ജീവിതത്തിന്റെ അധിക കാലവും ഫാദർ മാക്സ് മില്ലൻ കോൾബ യോടുള്ള കടപ്പാട് അറിയിച്ചുകൊണ്ട് ഉള്ളതായിരുന്നു. എൻറെ ജീവിതത്തിൻറെ അവസാനത്തെ ശ്വാസം വരെ ഫാദർ മാക്സ് മില്ലൻ കോൾബ കുറിച്ച് പറയുവാൻ ഞാൻ കടപ്പെട്ടിരിക്കുന്നു എന്നാണ് ഈ മനുഷ്യൻ പറഞ്ഞിരുന്നത്. ഇദ്ദേഹത്തിൻറെ ജീവിതത്തെ സ്വാധീനിച്ചു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.
ഈശോയുമായി വ്യക്തിപരമായ ബന്ധം ശക്തമാക്കുന്ന വ്യക്തിക്ക് ഈശോ ഒരു അനുഭവമായി മാറണം ഇതിൻറെ പ്രാരംഭ നടപടിയാണ് ജീവിത നവീകരണവും ജീവിതവിശുദ്ധീകരണവും. നമ്മുടെ 50 നോമ്പ് ആചരണം ആരംഭിച്ചത് നമ്മുടെ ജീവിതാവസ്ഥ തിരിച്ചറിയുവാനും പിതാവിൻറെ സന്നിധിയിലേക്ക് നടക്കുവാനുമുള്ള ആഗ്രഹത്തോടെയാണ്. സ്നേഹനിധിയായ പിതാവിൽ നിന്ന് അകന്ന് ധൂർത്തനായി ജീവിച്ച മകൻ തന്റെ ഏറ്റവും ബലഹീനമായ അവസ്ഥയിൽ നിന്നുള്ള സ്വബോധമാണ് പിതാവിൻറെ പക്കലേക്ക് തിരികെ നടക്കാൻ പ്രേരിപ്പിച്ചത്. ഇതുപോലെ ഒരു തിരിച്ചറിവിലേക്ക് ഈ ദുഃഖവെള്ളി ആചരണം എന്നെ എത്തിക്കുന്നുണ്ടോ? ക്രിസ്തുവിൽ ആകുന്നവൻ പുതിയ സൃഷ്ടിയാണ്. ക്രിസ്തുവാകുന്ന ശരീരത്തിലെ അവയവങ്ങൾ ആണ് നാം. ഗുരുവിനെ നിഷേധിച്ച പത്രോസ് തിരിച്ചറിവ് ഉണ്ടായപ്പോൾ കൂടുതൽ കരുത്തോടെ അവനെ സ്നേഹിച്ചു. തന്റെ സഭയെ പീഡിപ്പിക്കുവാൻ കച്ചകെട്ട് ഇറങ്ങിയ സാവൂളിനെ നീ പീഡിപ്പിക്കുന്ന ഈശോയാണ് ഞാൻ എന്ന അനുഭവം പകർന്നു കൊടുത്തുകൊണ്ട് ധീരനായ ഒരു പടയാളിയാക്കി. “താൻ ക്രിസ്തുവിനോട് കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്” എന്ന് തിരിച്ചറിവിലേക്ക് അവൻ വളർന്നു. “ എൻറെ ഇപ്പോഴത്തെ ജീവിതം എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെ തന്നെ അർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്”.
1980ല് കരിക്കൻ വില്ല കൊലക്കേസിലൂടെ കുപ്രസിദ്ധ നേടിയ ജോർജിന് യേശുവിനെ തൻറെ നാഥനും രക്ഷകനും ആയി സ്വീകരിച്ചപ്പോൾ നവീകരിക്കപ്പെട്ട ഒരു വ്യക്തിയായി മാറി. 1992 ജയിൽ വിമോചിതനായ റെനി തടവുകാരുടെയും അവരുടെ മക്കളുടെയും പുനരധിവാസത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രിസൺ ഫെലോഷിപ്പിന്റെ ഭാഗമാണ്. തടവുകാരുടെ മക്കളെ സംരക്ഷിക്കുന്ന പ്രഷ്യസ് ചിൽഡ്രൻ ഹോം എന്ന പ്രസ്ഥാനം ഭാര്യ ടീനേയും മകളുമായി ചേർന്ന് നടത്തുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്ന വ്യക്തി പാപത്താൽ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞു മാറ്റി ക്രിസ്തുവിൽ നവീകരിക്കപ്പെട്ട പുതിയ വ്യക്തി ആകണം. നിങ്ങൾ മനസ്സിന്റെ ചൈതന്യത്തിൽ നവീകരിക്കപ്പെടട്ടെ യഥാർത്ഥ വിശുദ്ധിയിലും നീതിയിലും ദൈവത്തിൻറെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിൻ (Ep4/23-24).
ഈശോയെ നാഥനും രക്ഷകനും ആയി സ്വീകരിക്കുന്ന വ്യക്തി ക്രിസ്തു ശിഷ്യന്റെ ജീവിതശൈലി സ്വീകരിക്കുവാൻ തയ്യാറാകണം. കുരിശെടുക്കുവാൻ തയ്യാറാകണം. ഈശോ സ്നേഹിച്ചത് പോലെ സ്നേഹിക്കുവാനും ഈശോ ശുശ്രൂഷ പോലെ ശുശ്രൂഷിക്കുവാനും ഈശോ പ്രാർത്ഥിച്ചത് പോലെ പ്രാർത്ഥിക്കുവാൻ അവൻ സാധിക്കും. ഇത് ഒരു ശൂന്യവൽക്കരണത്തിന്റെ മറ്റുള്ളവരോടുള്ള കരുതലിന്റെ ഭാവമാണ്. സ്വയം കേന്ദ്രീകൃതമാകാതെ അവരടെ നന്മയെ കണ്ടുള്ള ഒരു ജീവിതം. തന്നോടൊപ്പം ഒരുമയിൽ ദൂരം പോകുവാൻ നിർബന്ധിക്കുന്നവനോടൊപ്പം രണ്ടു മയിൽ ദൂരം പോകുവാൻ നിർദേശിക്കുന്ന യേശുവിൻറെ പ്രബോധനം അവൻറെ എല്ലാ പ്രബോധനങ്ങളെയും ഉയർത്തിക്കാട്ടുന്നതാണ്. "വാക്കിംഗ് എക്സ്ട്രാ മയിൽ" ഇതൊരു ജീവിതശൈലിയാണ. ഈ ജീവിതശൈലി സ്വായിത്തമാക്കുവാൻ സാധിക്കണം. തിന്മയെ നന്മകൊണ്ട് ജയിക്കുവാൻ, തെറ്റ് ചെയ്യുന്നവരോട് ഹൃദയപൂർവ്വം ക്ഷമിക്കുവാൻ, ഒരു ചെകിടത്ത് അടിക്കുന്നവന് മറു ചവിട് കാണിച്ചു കൊടുക്കുവാൻ... സ്നേഹിതനു വേണ്ടി ജീവൻ അർപ്പിക്കപ്പെടുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്ന് പഠിപ്പിക്കുമ്പോൾ എന്നെ അനുഗമിക്കുന്നവൻ എന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ എന്ന് ഈശോ പറയുന്നു.
ഈശോയുടെ പീഡാസഹനത്തെയും കുരിശു മരണത്തെയും കുറിച്ചുള്ള ഓർമ്മ പുതുക്കുമ്പോൾ അത് നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നവീകരണത്തിന്റെ
കാഹളധ്വനി
മുഴങ്ങട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമേൻ.
--
No comments:
Post a Comment